അധ്യാപകരായ മാതാപിതാക്കൾ രണ്ട് പെൺമക്കളെ തലയ്ക്കടിച്ചു കൊന്നു

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ രണ്ട് പെണ്‍മക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ അച്ഛനും അമ്മയും പിടിയില്‍.

പത്മജ, അവരുടെ ഭര്‍ത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങള്‍ നടന്നത്.

അന്ധവിശ്വാസത്തിന് അടിമകളാണ് പത്മജയും ഭര്‍ത്താവുമെന്നാണ് പൊലീസ് പറയുന്നത്. സത്യയുഗത്തില്‍ പുനര്‍ജനിക്കാന്‍ വേണ്ടിയാണ് മക്കളെ കൊന്നതെന്നാണ് പത്മജ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാത്രി കലിയുഗം അവസാനിക്കുമ്ബോള്‍ മക്കള്‍ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ വിശ്വാസം.

ദമ്ബതികള്‍ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും ഇവരുടെ വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവര്‍ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തില്‍ നിലവിളി കേട്ടതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തിയെങ്കിലും വീട്ടിനുളളില്‍ പ്രവേശിക്കാന്‍ ദമ്ബതികള്‍ അനുവദിച്ചില്ല. ബലംപ്രയോഗിച്ച്‌ പൊലീസ് ഉളളില്‍ കയറുമെന്ന ഘട്ടം വന്നപ്പോള്‍ ദമ്ബതികള്‍ തന്നെയാണ് കൊലപാതക വിവരം തുറന്നുപറഞ്ഞത്. വീട്ടിനുളളില്‍ നടത്തിയ പരിശോധനയില്‍ ഒരാളുടെ മൃതദേഹം പൂജാമുറിയില്‍ നിന്ന് കണ്ടെടുത്തു. സമീപത്തെ മറ്റൊരു മുറിയില്‍ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന പട്ടുകൊണ്ട് പൊതിഞ്ഞിരുന്നു.

ദമ്ബതികളുടെ മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദ ധാരിയാണ്. ഇളയമകള്‍ ബി ബി എ കാരിയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോളേജില്‍ നിന്ന് വീട്ടില്‍ എത്തിയത്.