അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകുമെന്ന് മുഖ്യമന്ത്രി
അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“മുഴുവൻ സ്കൂൾ അധ്യാപകരും ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. അപ്പോ അധ്യാപകർ ആകെ പ്രൈമറി ആയാലും സെക്കൻഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒക്ടോബർ നാല് മുതൽ ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന നിലയാണ് തീരുമാനിച്ചിട്ടുള്ളത്. അപ്പോ ശ്രദ്ധിക്കേണ്ട കാര്യം, ഈ വകുപ്പുകളും പ്രത്യേകമായി ശ്രദ്ധിക്കുക.
ഏതെങ്കിലും അധ്യാപകർ വാക്സിനേഷൻ നടത്താതെയുടണ്ടെങ്കിൽ ഈ ഘട്ടത്തിൽ അത് പൂർത്തീകരിക്കണം. അപ്പോൾ വാക്സിനേഷനിൽ സ്കൂൾ അധ്യാപകർക്ക് മുൻതൂക്കം നൽകും. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പ്രത്യേകമായി നിർദ്ദേശിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.