അന്താരാഷ്ട്ര ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന്മുതൽ
29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 25-ന് രാവിലെ പത്തിന് ആരംഭിക്കും.
registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന മേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം.
എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് പ്രദർശനം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലി അർപിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും.
സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളും ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപരം അതിഥികൾ മേളയിൽ പങ്കെടുക്കും.