അപ്പന്‍കാപ്പ് കോളനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം.

മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ  തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അസമയത്ത് ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം എംഎല്‍എയെ തടഞ്ഞത്.

പ്രദേശത്ത് എത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്നും അപ്പന്‍കാവ് കോളനി സന്ദര്‍ശിച്ചിട്ടില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും എംഎല്‍എ ആരോപിച്ചു

മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അര്‍ദ്ധരാത്രി എംഎല്‍എ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.