അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐ.എസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം ഒമ്പത് മലയാളികൾ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്.

താലിബാൻ മോചിപ്പിച്ചവരെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ട് പോയെന്നാണ് വിവരം. എൻ.ഐ.എ. പട്ടികയിലുള്ള മലയാളികളായ 9 ഐ.എസ്. യുവതികൾ മോചിതരായെന്നാണ് സൂചന. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്.

കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.