അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം:ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. ബജ്റംഗ്ദൾ പ്രവർത്തകരും ഝാൻസി പൊലീസും ചേർന്നാണ് കന്യാസ്ത്രീകളേയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരേയും ഉപദ്രവിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽവച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.