“അമ്മ” യ്ക്കു പുതിയ ഭാരവാഹികൾ. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും
കൊച്ചി: താരസംഘടനയായ അമ്മയ്ക്കു പുതിയ ഭാരവാഹികൾ. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകൾ കമ്മിറ്റിയിലുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ട്രഷറർ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളിൽ നാല് പേർ വനിതകളാണ്.