അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി
ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസ് കെട്ടിടങ്ങളും
ചാലാട്, കതിരൂര്‍ അഭയകേന്ദ്രങ്ങളും നാടിന് സമര്‍പ്പിച്ചു
363 പട്ടയങ്ങള്‍ വിതരണം ചെയ്തു
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രണ്ട് ലക്ഷത്തോളം പട്ടയങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പട്ടയ വിതരണവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഇടങ്ങളായ സര്‍ക്കാര്‍ ഓഫീസുകളെ പൊതുജന സൗഹാര്‍ദ്ദ ഓഫീസുകളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. ഇത്തരത്തില്‍ 441 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായത്. 1665 വില്ലേജ് ഓഫീസുകളില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായി. 126 വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം തുടങ്ങി. 16 ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ റവന്യൂ ഓഫീസുകളും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, റവന്യൂ സെക്രട്ടറി എ ജയതിലക്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്യാശ്ശേരി, മക്രേരി, ചെങ്ങളായി വില്ലേജ് ഓഫീസ് കെട്ടിടങ്ങളും കതിരൂര്‍, ചാലാട് വിവിധോദ്ദേശ അഭയ കേന്ദ്രങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 13 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്‍, കലക്ടറേറ്റ് അഡീഷണല്‍ ബ്ലോക്ക്, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു.
കലക്ടറേറ്റ് അഡീഷണല്‍ ബ്ലോക്ക്, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ശിലാഫലക അനാച്ഛാദനവും പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലയില്‍ റവന്യൂ, ദേവസ്വം തുടങ്ങിയ വിഭാഗങ്ങളില്‍ 363 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എഡിഎം ഇ പി മേഴ്‌സി, വെള്ളോറ രാജന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്‍, കൊട്ടിയൂര്‍, കണിച്ചാര്‍, വെള്ളാര്‍വള്ളി, വിളമന വില്ലേജ് ഓഫീസുകളുകള്‍ എന്നിവയുടെ ശിലസ്ഥാപന കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇരിട്ടി താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബിനോയ് കുര്യന്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത, കൗണ്‍സലര്‍ കെ വി റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വേലായുധന്‍ (ഇരിട്ടി), കെ സുധാകരന്‍ (പേരാവൂര്‍), ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആന്റണി സെബാസ്റ്റ്യന്‍(കണിച്ചാര്‍),റോയ് നമ്പുടാകം(കൊട്ടിയൂര്‍), പി രജനി(പായം), പി പി വേണുഗോപാലന്‍(പേരാവൂര്‍), ഇരിട്ടി തഹസില്‍ദാര്‍ ജോസ് കെ ഈപ്പന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/722/2021