അറ്റകുറ്റപ്പണിക്കായി നടാൽ റെയിൽവേ ഗേറ്റ് അടച്ചു

കണ്ണൂർ : അറ്റകുറ്റപ്പണിക്കായി ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചതോടെ നടാൽ വഴി വന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി. വ്യാഴാഴ്ച രാവിലയാണ് ഗേറ്റ് അടച്ചത്. നിരവധി വാഹനങ്ങൾ എത്തിയതോടെ രാവിലെ ഗതാഗതക്കുരുക്കുണ്ടായി.

ഗേറ്റിൽ ഇടയ്ക്കിടെയുണ്ടാകുന്ന തകരാറിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായാണ് ശനിയാഴ്ച രാത്രി എട്ടുവരെ അടച്ചിട്ടത്. തോട്ടട ഭാഗത്ത് ചരക്കിറക്കിവരുന്ന കൂറ്റൻ കൺടെയ്‌നർ ലോറികളുൾപ്പെടെ നടാൽ ബസാർ ഭാഗത്ത് കുടുങ്ങി.

താഴെചൊവ്വയിൽ നടാൽ ഗേറ്റ് പൂട്ടിയതുമായി ബന്ധപ്പെട്ട ബോർഡ് വെക്കണമെന്നാവശ്യവുമുയരുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് കുരുക്ക് കൂടുന്നത്. തലശ്ശേരി ഭാഗത്ത് നിന്ന് തോട്ടടയിലേക്കുള്ള യാത്രക്കാരും ദുരിതത്തിലായി.