ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം;228 പേർ ആശുപത്രിയിൽ

എലുരു: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗം പടരുന്നു. പെട്ടെന്ന് തളർന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത 228 പേരെ പശ്ചിമ ഗോദാവരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് കൂടുതൽ പേരും ആശുപത്രിയിൽ ചികിത്സ തേടിയത്.

ആരോഗ്യനില ഭേദപ്പെട്ട 70 പേർ ഇതിനോടകം ആശുപത്രിവിട്ടു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിജയവാഡയിൽ അടിയന്തര മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതുവരെ രോഗം പിടിപെട്ടവർക്കെല്ലം തളർന്നുവീഴുക, വിറയൽ എന്നീ രോഗലക്ഷണങ്ങളുണ്ടെന്നും ഈ ലക്ഷണങ്ങൾ പെട്ടെന്ന് മാറിയ ശേഷം വീണ്ടും പ്രകടമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സുനന്ദ പറഞ്ഞു. ആരുടെയും ജീവന് ഭീഷണിയില്ലെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. രോഗികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാൻ എലുരുവിൽ 150 കിടക്കകളും വിജയവാഡയിൽ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.