ആഫ്രിക്കയിൽ എത്തിയത് ബാധ്യത തീർക്കാൻ, പി വി അൻവറിന്റെ വിശദീകരണം

കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ബാധ്യതകൾ വർധിച്ചതുമാണ് തന്റെ രണ്ടര മാസത്തെ പശ്ചിമാഫ്രിക്കൻ ജീവിതത്തിനുള്ള കാരണമെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിൽ ആണ് പി വി അൻവർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഒന്നും പ്രതീക്ഷിച്ചിട്ടില്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്. നാലേമുക്കാൽ വർഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്ക്കറ്റ് പോലും വാങ്ങാനുള്ള പണം സർക്കാർ എംഎൽഎമാർക്ക് നൽകുന്ന ശമ്പളത്തിൽനിന്ന് എടുത്തിട്ടില്ല. നിയമസഭാ സാമാജികൻ എന്ന നിലക്ക് ലാഭമുണ്ടാക്കാൻ അല്ല നോക്കിയത്. എംഎൽഎമാർക്ക് സർക്കാർ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിൻ അലവൻസും അല്ലാതെ ഒരു പൈസയും സർക്കാരിൽനിന്ന് സ്വീകരിച്ചിട്ടില്ല എന്നും അൻവർ വ്യക്തമാക്കുന്നു.

വിമാനം ഉപയോഗിക്കാനുള്ള എംഎൽഎമാരുടെ അവസരം പോലും താൻ ഉപയോഗിച്ചിട്ടില്ല. സർക്കാർ ചെലവിൽ കുടുംബത്തിന്റെ ആരോഗ്യപരിപാലനം പോലും നടത്തിയിട്ടില്ല.

എന്നാൽ പൈതൃകമായി ലഭിച്ച കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചുപൂട്ടേണ്ട അവസ്ഥയാണ് തനിക്ക് വന്നതെന്ന് പി വി അൻവർ പറയുന്നു. സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നതോടെ വരുമാനം നിലച്ചു. സ്വത്ത് ഉണ്ടായിട്ടും ബാധ്യത വീട്ടാൻ കഴിയാത്ത അവസ്ഥയാണ് തനിക്കുള്ളതെന്നും പി വി അൻവർ വിശദീകരിക്കുന്നു. തന്റെ ഒരിഞ്ചു ഭൂമി പോലും വാങ്ങാൻ ആരും ധൈര്യപ്പെടുന്നില്ല. അൻവറിന്റെ ഭൂമിയോ അപാർട്മെന്റോ വാങ്ങിയാൽ അതൊന്നും നിയമപരമല്ല എന്നാണ് പ്രചാരണം.

ഈ പശ്ചാത്തലത്തിലാണ് മണ്ഡലത്തിന് പുറത്ത് ആഫ്രിക്കയിൽ എത്തിയത്. ആഫ്രിക്കയിൽ എന്തിനാണ് വന്നത് എന്ന് അടുത്തദിവസങ്ങളിൽ വീഡിയോയിൽ പങ്കുവെക്കാം എന്നും അൻവർ പറഞ്ഞു.