ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനം. ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ‘സി’ കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.