ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി

കൊല്ലം :ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അനധികൃത നിർമാണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാക്കില്ലെന്ന് അധികാരികൾ ഉറപ്പാക്കണം.

പ്രശ്നമുണ്ടെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ നടപടിയെടുക്കണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെപേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

നിലവിലുള്ള ആരാധനാലയങ്ങൾ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികൾ പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടോ ഗതാഗതതടസ്സമോ ഉണ്ടാക്കരുത്. ഭാവിയിൽ റോഡ് വികസനത്തിനും തടസ്സമാകരുതെന്നും ഉത്തരവിൽ പറയുന്നു.