ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ക്ലീന്‍.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ക്ലീന്‍. നഗരസഭയുടെ നേതൃത്വത്തില്‍ ഏകദേശം 138 ലോഡ് മാലിന്യമാണ് നീക്കിയത്. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 നാണ് ശുചീകരണം ആരംഭിച്ചത്. 52 വാര്‍ഡുകളിലെ ജോലികളില്‍ 2400 ജീവനക്കാരാണ് പങ്കാളികളായത്.രാത്രി എട്ടുമണിയോടെ സെക്രട്ടറിയേറ്റ് നടയില്‍ വെള്ളം ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി. കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണി വാഹനം ഉപയോഗിച്ചാണ് വെള്ളം ചീറ്റി റോഡ് വൃത്തിയാക്കിയത്.
ഇതിന് മുമ്പ് തന്നെ ചുടുകല്ലുകള്‍ നഗരസഭ നീക്കിയിരുന്നു. വളന്റിയര്‍മാര്‍ ശേഖരിച്ച ചുടുകട്ടകള്‍ ഭവന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പാളയം, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, ജിപിഒ ജംങ്ഷന്, ആറ്റുകാല്‍, മണക്കാട്, യൂണിവേഴ്സിറ്റി കോളേജ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് നഗരസഭ കല്ലുകള്‍ ശേഖരിച്ചത്.2018 ല്‍ വി കെ പ്രശാന്ത് മേയറായിരുന്നപ്പോള്‍ മുതലാണ് കോര്പ്പറേഷന് ഇത്തരത്തില്‍ കട്ടകള്‍ ശേഖരിച്ചു തുടങ്ങിയത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള പൊങ്കാലയാണ് ഇത്തവണ നടന്നത്. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണത്തിന് ശേഷം വിപുലമായി തന്നെ ആഘോഷങ്ങള്‍ നടന്നു.