ആറ്റുകാൽ പൊങ്കാല: തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ നൽകി. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേൽ പൊലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ തത്സമയം ശബ്ദപരിധി അളന്ന് ബോർഡ് കൈമാറുന്നതാണ്.

പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്. പൊങ്കാല ദിവസത്തിന് മുൻപും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് നടപടികൈക്കൊണ്ടിട്ടുണ്ട്. പൊങ്കാല മഹോത്സവം പരിസ്ഥിതി സൗഹൃദമാക്കി തീർക്കുന്നതിന് നഗരസഭ ഉൾപ്പെടെ മറ്റ് വകുപ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് സഹായത്തിനായി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡിനെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.