ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക

കൊവിഡ്: ജനങ്ങൾ കുടുതൽ ജാഗ്രത പുലർത്തണം: ഡി എം ഒ

ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. എങ്കിലും ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ല. ജില്ലയിൽ നല്ല രീതിയിൽ വാക്‌സിനേഷൻ നടന്നിട്ടുള്ളതിനാൽ ഐ.സി.യു, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്ന രോഗികൾ കുറവാണ്. അതുപോലെ പൊതുജനങ്ങൾ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക. ചെറിയ തോതിലുള്ള മറ്റ് അസുഖങ്ങൾക്ക് ഇ-സജ്ഞീവനി ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൊവിഡുമായി ബന്ധപ്പെട്ട് അടുത്ത മൂന്നാഴ്ചകൾ ഏറെ നിർണായകമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്. പോസിറ്റീവായാൽ കൃത്യമായി ഹോം ഐസോലേഷൻ പാലിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം. 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷനും ഇപ്പോൾ നൽകിവരുന്നുണ്ട്. കഴിയുന്നതും ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുയിടങ്ങളിൽ ഇറങ്ങരുത്. ചെറിയ രോഗലക്ഷണമുണ്ടായാൽ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് പ്രവേശിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തുകയും വേണമെന്നും ഡി എം ഒ അറിയിച്ചു.