ഇക്കോ സെൻസിറ്റീവ് സോൺ: ആശങ്ക വേണ്ട.മുഖ്യമന്ത്രി
വൃക്ഷ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ഇക്കോ സെൻസിറ്റീവ് സോൺ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയിൽ ആശങ്ക വേണ്ടെന്നും സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പിണറായികൺവെൻഷൻ സെൻ്ററിൽ ലോകപരിസ്ഥി ദിനത്തിൻ്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് ആവിഷ്കരിച്ച വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന സംരക്ഷണ നയത്തിൻ്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനം സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാറിൻ്റേയും നിലപാട്. വനം വളരണം, വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കണം എന്ന നിലയിൽ നിരവധി നടപടികൾ സർക്കാർ തുടർന്ന് വരുന്നുണ്ട്. എന്നാൽ ജനസാന്ദ്രതയേറിയ ‘സംസ്ഥാനമാണ് നമ്മുടെത്. സംസ്ഥാനത്തിൻ്റെ ചില വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപാർക്കുന്നുണ്ട്. ജനങ്ങൾ താമസിക്കുന്നയിടങ്ങളിൽ ഇക്കോ സെൻസിറ്റീവ് സോൺ ആക്കരുത് എന്നാണ് സർക്കാർ നേരത്തെ സ്വീകരിച്ച നിലപാട്.ഇത് കേന്ദ്ര ഗവൺമെൻ്റിൻ്റെ പരിശോധനയിലായിരുന്നു. ഇതിന്മേലുള്ള തീരുമാനം അന്തിമഘട്ടത്തിലായി വരികയാണ്. ആ ഘട്ടത്തിലാണ് സൂപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്.ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചും പറയുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികൾ ഗൗരവത്തോടെ സർക്കാർ കൈകൊള്ളും. ജനവാസ കേന്ദ്രങ്ങളിലെ ആളുകളുടെ താൽപര്യം സംരക്ഷിക്കും എന്നതാണ് നയം. ഇക്കാര്യം കേന്ദ്ര സർക്കാറിനെ ബന്ധപ്പെട്ട് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കും. അതോടൊപ്പം വിധിയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ നിയമപരമായും പരിശോധിക്കും. എല്ലാ തരത്തിലും ജനങ്ങളോടൊപ്പമായിരിക്കും സർക്കാർ. എന്നാൽ സൂപ്രീം കോടതി വ്യക്തമാക്കുന്ന തരത്തിൽ വനം സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വനം കൃത്യമായി സംരക്ഷിക്കുന്നതിനതിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിൻ്റെ പരിസ്ഥിതി സംതുലനം പുനസ്ഥാപിക്കാനാണ് സംസ്ഥാന സർക്കാറിൻ്റെ ശ്രമം. വനവൽക്കരണ മാണിതിനൊരു വഴി.ഇതിൻ്റെ ഭാഗമായാണ് വൃക്ഷവൽക്കരണം നടത്തുന്നത്.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രണ്ടര കോടി വൃക്ഷതൈകളാണ് വച്ച് പിടിപ്പിച്ചത്.ഇതിൽ 70 ശതമാനവും ആരോഗ്യത്തോടെ വളരുന്നുണ്ട്. പരിപാലനം ഉറപ്പ് വരുത്തന്നിനാലാണിത്.വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും കോർത്തിണക്കിയാണ് വൃക്ഷ സമൃദ്ധി പദ്ധതി ഈ വർഷം നടപ്പിലാക്കുക. തദ്ദേശ വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. സ്വാഭാവിക വനം ആവാസവ്യവസ്ഥ പുനസ്ഥാപനത്തിൻ്റെ ഭാഗമായി അധിനിവേശ സസ്യ നിർമ്മാർജനം നടത്തണം. അതിനാലാണ് ബഹുജന പങ്കാളിത്തത്തോടെ തദ്ദേശ വൃക്ഷത്തൈകൾ നൽകുന്നത്. ഇക്കുറി ’43 ലക്ഷം വൃക്ഷത്തൈകളാണ് നടുക. ഇവയെ 3 മുതൽ 5 വർഷം വരെ പരിപാലിക്കും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായമുണ്ടാവും. 43 ലക്ഷം തൈകൾ 3 വർഷം പരിപാലിക്കുമ്പോൾ പ്രതിവർഷം എഴുപത്തി ഒന്നര ലക്ഷം തൊഴിൽ ദിനങ്ങളാണ് അധികമായി സൃഷ്ടിക്കപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ പ്രകൃതിയെ നമുക്ക് ലഭിച്ചതിലും മികച്ച നിലയിൽ നമ്മുടെ വരും തലമുറയ്ക്ക് കൈമാറാൻ പരിസ്ഥിതി ദിനത്തെ ഒരോർമ്മപ്പെടുത്തലായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മനുഷ്യവംശത്തിന്റെ അന്തകരായി മനുഷ്യർതന്നെ മാറുന്ന അത്യന്തം സങ്കീർണമായ പാരിസ്ഥികാവസ്ഥയിലൂടെയാണ് ഭൂമി കടന്നു പോകുന്നതെന്നും ഇതിനെ ഓർമ്മിപ്പിക്കുന്നതാണ് പരിസ്ഥിതി ദിനാചരണമെന്നും മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഓരോ പ്രദേശത്തും ലക്ഷക്കണക്കിന് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷ സമൃദ്ധി പദ്ധതി അർത്ഥവത്തായ പ്രചാരണോപാധിയാണെന്നും അങ്ങിനെ ലോകത്തിന് തന്നെ മാതൃകയാവുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
വനം വന്യജീവി സംരക്ഷണ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ നല്ല നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അത് മനസിലാക്കാത്തവരാണ് ജനകീയ ആവശ്യങ്ങളെ പരിസ്ഥിതിയുടെ പേരിൽ നിരാകരിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും മുഖ്യ പ്രഭാഷണത്തിനിനിടെ അദ്ദേഹം വ്യക്തമാക്കി.
പിണറായി കൺവെൻഷൻ സെന്റർ മുറ്റത്ത് മരങ്ങൾ നട്ടുകൊണ്ടായിരുന്നു വൃക്ഷസമൃദ്ധി പദ്ധതിയുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഞാവൽ , മന്ത്രിമാരായ എംവി ഗോവിന്ദൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവർ മൈലെള്ളു, താനി എന്നീ വൃക്ഷതൈകളാണ് നട്ടത്. വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ട് കേരള സർക്കാർ നടപ്പിലാക്കുന്ന വൃക്ഷവത്ക്കരണ പദ്ധതിയാണ് വൃക്ഷ സമൃദ്ധി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പൊതുജന സമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
ഹരിത ഭംഗി വർദ്ധിപ്പിക്കുക, കേരളത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ‘ വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ വനനയം അനുശാസിക്കുന്ന മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ പദ്ധതിക്ക് സാധിക്കും.കൂടുതൽ കാർബൺ സ്വാംശീകരണം നടത്തുന്നതിനായി സംസ്ഥാനത്തെ വനാവരണം വർദ്ധിപ്പിക്കൽ, വനേതര പ്രദേശത്തെ വൃക്ഷവത്ക്കരണം, തദ്ദേശ സ്വയംഭര ണസ്ഥാപനങ്ങളെ വൃക്ഷതൈ ഉല്പാദിപ്പിക്കുന്ന നഴ്സറികൾ ഉണ്ടാക്കുന്നതിന് സ്വയം പര്യാപ്തമാക്കൽ, നട്ടുപിടിപ്പിക്കുന്ന വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കൽ, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാദികൾ മെച്ചപ്പെടുത്തൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ ലഘുകരിക്കുന്നതിന് ഹരിത മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയാണ് വൃക്ഷ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യങ്ങൾ . സംസ്ഥാനത്താകെ 832, നഴ്സറികളിലായി ഇതുവരെ 43 ലക്ഷം വൃക്ഷ തൈകൾ ഉദ്പാദിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വൃക്ഷവൽക്കരണ പരിപാലന പ്രവർത്തനം നടത്തുക.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ബെന്നിച്ചൻ തോമസ് വൃക്ഷസമൃദ്ധി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി ശിവദാസൻ എം പി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ , എ എൻ ഷംസീർ, കെ വി സുമേഷ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ കെ രാഗേഷ് , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, പിണറായി പഞ്ചായത്ത് അംഗം എ ദീപ്തി, കണ്ണൂർ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, കോഴിക്കോട് ഇൻസ്പെക്ഷൻ ആന്റ് ഇവാലുവേഷൻ കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ ദേവപ്രസാദ്, കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജൻ, എറണാകുളം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇന്ദു വിജയൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി,എംജിഎൻആർഇജി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർമാരായ പി ബാലചന്ദ്രൻ നായർ, ടൈനി സൂസൻ ജോൺ , സോഷ്യൽ ഫോറസ്ട്രി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.