ഇനിയും മാറി നിൽക്കുന്നവർ കോവിഡ് വാക്‌സിനേഷൻ എടുക്കണം: ഡി.എം.ഒ

ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവൻ പേർക്കും നൽകി 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേർക്ക് വാക്‌സിൻ നൽകി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവർ ഇനിയും നമ്മുടെ ഇടയിലുണ്ട്. വ്യക്തമായ കാരണമില്ലാതെ മാറി നിൽക്കുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. ആയതിനാൽ ഇനിയും ആദ്യ ഡോസ് എടുക്കാത്തവർ മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാണ്.
രണ്ടാം ഡോസ് എടുക്കാൻ സമയപരിധി ആയവർ ഉടനെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. 60 വയസ്സിനു മുകളിലുള്ള അസുഖബാധിതർ/ ആരോഗ്യ പ്രവർത്തകർ/ മുൻനിര പോരാളികൾ എന്നിവർക്ക് രണ്ടു ഡോസും എടുത്ത് 39 ആഴ്ച കഴിഞ്ഞാൽ കരുതൽ ഡോസിന് അർഹതയുണ്ട്. ഈ വിഭാഗത്തിൽപെടുന്നവർ അവരവരുടെ സമീപ പ്രദേശത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഉടൻ ബന്ധപ്പെടേണ്ടതാണ്.
ഈ മൂന്നാംതരംഗത്തിൽ പിടിച്ചു നിൽക്കാൻ നമ്മുടെ കൈവശം വാക്‌സിനേഷൻ അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഉടനടി വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലയിൽ 15, 16, 17 പ്രായ ഗ്രൂപ്പിലുള്ളവർക്കു കോവാക്‌സിൻ നൽകി വരുന്നുണ്ട്. ചെറിയ ശതമാനം കുട്ടികൾ വാക്‌സിൻ എടുക്കാതെ മാറിനിൽക്കുന്നുണ്ട്. ശാസ്ത്രീയമായ കാരണങ്ങൾ ഒന്നും ഇല്ലാതെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വാക്‌സിൻ എടുക്കാതിരിക്കരുത്. കോവാക്‌സിൻ ഇപ്പോൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ ആണ്. കോവിഷീൽഡ് പോലെ തന്നെ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ അറിയിച്ചു.