ഇന്ത്യയിൽ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധർ.
ഇന്ത്യയിൽ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധർ. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ എസ് സി ഭാൻ പറഞ്ഞു. ( Hottest February Since 1901 )
ചൂട് കൂടിയതോടെ നിലവിൽ വൈദ്യുതി ഉപയോഗം രാജ്യത്ത് കൂടുതലാണ്. ഇനിയും ചൂട് കൂടുന്നത് രാജ്യത്തെ വൈദ്യുത പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ എന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്. മാർച്ച് മാസത്തിലെ താപനില ഗോതമ്പ് പോലുള്ള ധാന്യങ്ങളുടെ വിളവെടുപ്പിനെ ബാധിക്കും. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന സംസ്ഥാനം ഇന്ത്യയാണ്. ഇന്ത്യയിൽ ഗോതമ്പ് ഉത്പാദനം കുറഞ്ഞാൽ നിലവിലെ കയറ്റുമതി വിലക്ക് തുടരാനാണ് സാധ്യത.
കഴിഞ്ഞ വർഷത്തെ മാർച്ച്, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ മാർച്ച് മാസമായിരുന്നു. ഇന്ത്യയിൽ തുടരെ തുടരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത് വിദഗ്ധർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ഉണ്ടാകുന്ന ഉഷ്ണ തരംഗവും, വരൾച്ചയും പ്രളയവും ആയിരക്കണക്കിന് പേരുടെ ജീവനാണ് എടുക്കുന്നത്. 2015 നെ അപേക്ഷിച്ച് 2020 ൽ ഉഷ്ണ തരംഗം ബാധിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.