ഇന്ത്യയുടെ അടയാളം- സന്‍സദ് ഭവന്‍…പാര്‍ലമെന്റ് മന്ദിരം

നമ്മുടെ രാജ്യത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാണ് സന്‍സദ് ഭവന്‍ എന്ന പാര്‍ലമെന്റ് മന്ദിരം. ഭാരതീയ സന്‍സദ് എന്നും പാര്‍ലമെന്റിന് പേരുണ്ട്. 92 വര്‍ഷം പഴക്കമുള്ള ഈ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നു നില്‍ക്കുന്നത് രാജ്യത്തിന്റെ അടയാളമായിട്ടാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് നിര്‍മ്മിക്കുന്നത്. ഡല്‍ഹിയുടെ വാസ്തു ശില്പി എന്നറിയപ്പെടുന്ന സര്‍ എഡ്വിന്‍ ല്യുട്ടെന്‍സ്, സര്‍ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ലമെന്റ് രൂപകല്പന ചെയ്യുന്നത്. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ട മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്് 1927 ജനുവരിയിലായിരുന്നു. 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു കെട്ടിടം ഉദ്ഘാടനം ചെയ്തു.

ആറ് ഏക്കര്‍ സ്ഥലത്താണ് പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ 560 അടി വ്യാസത്തിലാണ് ഇതുള്ളത്. വരാന്തയ്ക്കു ചുറ്റുമായി 144 തൂണുകളും കാണാം. ഈ തൂണുകള്‍ ഓരോന്നിനും 270 അടി വീതം ഉയരമുണ്ട്. ഇത് കൂടാതെ 12 കവാടങ്ങളും പാര്‍ലമെന്റ് മന്ദിരത്തിനുണ്ട്. 83 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. വൃത്താകൃതിയില്‍ നിര്‍മ്മിച്ചതിനാല്‍ സര്‍ക്കുലാര്‍ ഹൗസ് എന്ന് ആദ്യ കാലങ്ങളില്‍ പാര്‍ലമെന്റിനെ വിളിക്കുമായിരുന്നു

പാര്‍ലമെന്റിനു ഏറ്റവും നടുവില്‍ ആണ് സെന്‍ട്രല്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണ് ഇതുള്ളത്. ഈ ഹാളില്‍ മൂന്നു ചേംബറുകള്‍ ഉണ്ട്. മൂന്നും ഒരേ തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്‌സഭ, രാജ്യസഭ, ലൈബ്രറി എന്നിവയാണവ. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം നടന്നത് ഇവിടെ വെച്ചായിരുന്നു. ലോകസഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേനം നടക്കുന്നതും ഇവിടെ വെച്ചാണ്. സഭാ സമ്മേളനത്തിനിടെ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് എംപിമാര്‍ സാധാരണ സെന്‍ട്രേല്‍ ഹാളിലാണ് ഒത്തുചേരാറുള്ളത്. എന്നിരുന്നാല്‍ കൂടിയും അവ കൂടുതല്‍ ഔദ്യോഗികമായിരിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഇവിടെ വെച്ചാകും എംപിമാരുമായി ചര്‍ച്ച നടത്തുക.പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യ സമ്മേളനത്തില്‍ പാര്‍ലമെന്റ് അംഗങ്ങളെ ഇവിടെവെച്ച് തന്നെയാണ് പ്രസിഡന്റ് അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യത്തിനു ശേഷം പുതിയ സുപ്രീം കോടതി കെട്ടിടം നിലവില്‍ വരുന്നതുവരെ സെന്‍ട്രല്‍ ഹാളിലായിരുന്നു സൂപ്രീം കോടതി പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്സഭ. അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്രഅടി വിസ്തീര്‍ണമുണ്ട് ഇതിന്. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും എന്ന രീതിയിലാണ് സീറ്റ് സംവിധാനങ്ങള്‍. ലോക്‌സഭാ പരവതാനിയുടെ നിറം പച്ചയാണ്, ഇത് ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണെന്നും ഇവിടത്തെ ജനങ്ങളെ താഴെത്തട്ടില്‍ നിന്ന് പച്ച നിറത്തില്‍ തിരഞ്ഞെടുക്കുന്നുവെന്നും സൂചിപ്പിക്കുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ അഥവാ ഉപരിമണ്ഡലം.അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയില്‍ 250 ഇരിപ്പിടങ്ങളുണ്ട്. രാജ്യസഭ പരവതാനിയുടെ നിറം ചുവപ്പ് നിറമാണ്. അത് റോയല്‍റ്റിയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറി പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറിയാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയാണ് രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി

ജബല്‍പൂരിലെ ചൗസാത് യോഗിനി ക്ഷേത്രത്തിന്റെ മാതൃകയാണ് പാര്‍ലമെന്റിന്റെ രൂപകല്പനയ്ക്കായി ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം മധ്യപ്രദേശിലെ മൊറേനയിലാണ് സ്ഥിതി ചെയ്യുന്നത്. എഡി 10551075 കാലഘട്ടത്തില്‍ ഈ പ്രദേശം ഭരിച്ചിരുന്ന ദേവപാലന്‍ എന്ന രാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്