ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് എട്ട് മാസങ്ങൾക്ക് ശേഷം സമ്മതിച്ച് ചൈന
ന്യൂഡൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് എട്ട് മാസങ്ങൾക്ക് ശേഷം സമ്മതിച്ച് ചൈന.
മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന പുറത്ത് വിട്ടു. ഈ നാല് പേർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികർ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
2020 ജൂണിലാണ് ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്.
ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗൽവാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘർഷത്തിലും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നാൽപ്പതോശം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നൽകിയിരുന്നില്ല.