ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കേരളത്തിലെ മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കര്‍ണാടകം മുതല്‍ മധ്യപ്രദേശ് വരെയുള്ള തീരത്ത് ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവതച്ചുഴി ഉള്ളതും ആണ് മഴ തുടരാന്‍ കാരണം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. നിലവില്‍ മത്സ്യബന്ധത്തിന് പോയവര്‍ കേരളാ തീരത്ത് നിന്ന് അകന്ന് നില്‍ക്കണം.