ഇന്ന് തൃശൂർ പൂരം.
തൃശൂർ: ഇന്ന് തൃശൂർ പൂരം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് ആളുകളെ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തുന്നത്.
ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് ആരംഭിച്ചു. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്.
2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്.
തിരുവമ്പാടിക്കും പാറമേക്കാവിനും പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. എട്ട് ഘടകക്ഷേത്രങ്ങൾക്കുമായി പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ പല മേളക്കാരും ആനക്കാരും പിൻമാറി. സംഘാടകരുടെ കോവിഡ് പരിശോധന ഫലവും നിർണായകമാണ്.
വെള്ളിയാഴ്ച പുലർച്ച മുതൽ ശനിയാഴ്ച ഉച്ചക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. അടിയന്തര ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്നവരെ കടത്തിവിടും. കടകൾ തുറക്കാനാവില്ല. പൂരം സംഘാടകർ, മാധ്യമപ്രവർത്തകർ, ആനക്കാർ, മേളക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള പാസുകൾ വിതരണം ചെയ്യുന്നത് പൊലീസാണ്.