ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.

തൃശൂർ: വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും മരിച്ചു.

നിശാന്ത് മരിച്ചപ്പോൾ തന്നെ ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിലും വിവരമറിയിച്ചു. പോലീസെത്തി ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.