ഐ.എഫ്.എഫ്.കെ.യുടെ ഓൺലൈൻ രജിസ്ട്രേഷൻ 30-ന് ആരംഭിക്കും

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ.യുടെ ഓൺലൈൻ രജിസ്ട്രേഷൻ 30-ന് ആരംഭിക്കും .ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായാണ് മേള സംഘടിപ്പിക്കുന്നത്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. എല്ലായിടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക. വിവിധ വിഭാഗങ്ങളിലായി 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിയേറ്ററുകളിൽ മൊത്തം സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

തിരുവനന്തപുരം 2500, കൊച്ചി 2500, തലശ്ശേരി 1500, പാലക്കാട് 1500 എന്നിങ്ങനെ 8000 പാസുകളാണ് ആകെ വിതരണം ചെയ്യുക. എല്ലാ മേഖലകളിലും ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും പാസ് നൽകും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും.