ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഒരാൾ മരിച്ചു

ന്യൂഡല്‍ഹി: ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു.സംഭവത്തില്‍ 60കാരന്‍ മരണമടഞ്ഞു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണമടഞ്ഞത്. സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ചാര്‍ജിംഗിനിടെ അമിതമായി ചൂടായ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവന്‍ അഗ്നിക്കിരയാവുകയുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കനത്ത പുക കാരണം രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഗുരുഗ്രാമില്‍ തന്നെയുള്ള ഒരു പെട്രോള്‍ പമ്ബില്‍ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു. മക്കളായ മനോജും സരോജും അതേ ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. അനുജ് വിദ്യാര്‍ത്ഥിയാണ്