ഇ-ശ്രാം; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു ലക്ഷത്തിലധികം പേര്‍

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിനുള്ള ഇ-ശ്രാം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 317704 പേര്‍. 16നും 59നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തവരുമായ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യം. കോമണ്‍ സര്‍വ്വീസ് സെന്റര്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഇ-ശ്രാം രജിസ്‌ട്രേഷന്‍ നടത്താം. ഡിസംബര്‍ 31 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇ-ശ്രാം രജിസ്‌ട്രേഷന്‍ ബാധമാകുന്നില്ലെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇ-ശ്രാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പി എം എസ് ബി വൈ പ്രകാരമുള്ള ഇന്‍ഷൂറന്‍സ് ലഭ്യമാകും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതലത്തില്‍ എല്ലാ ദിവസവും രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 31നകം അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികളും നിര്‍ബന്ധമായും ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു