ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 150 പേരെ കാണാതായി

ദെഹ്റാദൂൺ:ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 150 പേരെ കാണാതായി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഋഷി ഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.

ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവൻ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധോളിഗംഗാ നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.