ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളിലും, യുപിയിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകും. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 55 നിയമസഭാ സീറ്റുകളിലേക്ക് 586 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സഹാറൻപൂർ, ബിജ്‌നോർ, മൊറാദാബാദ്, സംഭാൽ, രാംപൂർ, അമ്രോഹ, ബദൗൺ, ബറേലി, ഷാജഹാൻപൂർ എന്നീ ഒമ്പത് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ജില്ലയിലെ 1138 പോളിംഗ് ബൂത്തുകളിലും സി.പി.എം.എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് കൺട്രോൾ റൂമിന് പുറമെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഡ്രോണുകൾ വഴി നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സേനയുടെ 794 കമ്പനികളിൽ ഏറ്റവും വലിയ 733 കമ്പനികളെ പോളിംഗ് ബൂത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചു.

സുരക്ഷാ ആവശ്യങ്ങൾക്കായി ഉത്തർപ്രദേശ് പൊലീസിലെ 6,860 ഇൻസ്പെക്ടർമാരെയും സബ് ഇൻസ്പെക്ടർമാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ 54,670 കോൺസ്റ്റബിൾമാർ, 43,397 ഹോംഗാർഡുകൾ, 930 പിആർഡി ജവാൻമാർ, 18 കമ്പനി പിഎസി, 7,746 വില്ലേജ് ചൗക്കിദാർമാർ എന്നിവരെ രണ്ടാം ഘട്ട സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കും. ക്രമസമാധാന ചുമതലകൾക്കായി 50 കമ്പനികളെയും ഇവിഎം സുരക്ഷയ്ക്കായി മൂന്ന് കമ്പനികളെയും വിന്യസിക്കും.