ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പ്രതികൾക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ വിദ്യാറാം ദിവാകറാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്

ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കര്‍ഷകരും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ശേകര്‍ ഭാരതി, അങ്കിത് ദാസ്, ലതീഫ്, ശിശുപാല്‍, നന്ദന്‍ സിംഗ്, സത്യം ത്രിപാഠി, സുമിത ജയ്‌സ്വാള്‍, ധര്‍മേന്ദ്ര ബന്ജാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നിലവില്‍ ലഖിംപൂര്‍ഖേരി ജില്ലാ ജയിലിലാണുള്ളത്.

ആദ്യഘട്ടത്തില്‍ അപകടമരണം എന്ന നിലയിലായിരുന്ന ലഖിംപൂര്‍ഖേരി സംഭവത്തില്‍ സുപ്രിംകോടതി ഇടപെട്ട് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിലവില്‍ അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.