ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തിൽ കൂടാൻ പാടില്ല.

അക്കാര്യം പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി നൂറും ഔട്ട്ഡോറിൽ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികൾക്കുള്ള ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കും

സ്പോർട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തൽ പരിശീലനത്തിനും അനുമതി നൽകും. എക്സിബിഷൻ ഹാളുകൾ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.

പരിപാടികൾ നടത്താൻ കഴിയുന്നില്ലെങ്കിൽ കലകളുടെ നിലനിൽപ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാർ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികൾ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താൻ അനുവദിക്കും.

അനുവദിക്കുന്ന പരിപാടികൾ നിബന്ധനകൾ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാൻ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും’ മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വിശദാംശങ്ങൾ സർക്കാർ ഉത്തരവിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.