ഉന്നാവിലെ പെണ്‍കുട്ടികളുടെ മരണം കൊലപാതകം

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം . പ്രതിയുടെ പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനയ് എന്ന ലംബു, ഇയാളുടെ കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ബന്ധുക്കളായ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിലും ഒരു പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിലും ഉന്നാവിലെ വയലിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് കുട്ടികൾ മരിച്ചതെന്നും ഒരാൾ ആശുപത്രിയിലായതെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടികൾക്ക് വിഷം നൽകിയ വിനയ് എന്ന ലംബു(18)വിനെയും കൂട്ടാളിയെയും പോലീസ് പിടികൂടിയത്.

മൂന്ന് പെൺകുട്ടികൾക്കും കീടനാശിനി കലർത്തിയ വെള്ളം നൽകിയെന്നാണ് പ്രതികളുടെ മൊഴി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയോട് വിനയ്ക്ക് പ്രണയമുണ്ടായിരുന്നു. ഇയാളുടെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചു. ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കീടനാശിനി കലർത്തിയ വെള്ളം നൽകിയത്. പക്ഷേ, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികളാണ് വെള്ളം ആദ്യം കുടിച്ചതെന്നും ഇതിനുശേഷമാണ് മൂന്നാമത്തെ പെൺകുട്ടി വെള്ളം കുടിച്ചതെന്നും ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് മാധ്യമങ്ങളോട് പറഞ്ഞു. വായിൽനിന്ന് നുരയും പതയും വന്ന് മൂവരും അബോധാവസ്ഥയിലായതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

പെൺകുട്ടികളുടെ തൊട്ടടുത്ത ഗ്രാമത്തിലാണ് ഇയാളുടെ വീട്. കുട്ടികളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിന്റെ തൊട്ടടുത്താണ് ഇയാളുടെ ഫാം. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് വിനയ് പെൺകുട്ടികളുമായി കൂടുതൽ പരിചയത്തിലാകുന്നത്. ഇതിനുശേഷം മൂവരും വിനയ്യുമായി സംസാരിക്കുന്നതും ഒരുമിച്ച് സമയം ചിലവഴിക്കുന്നതും പതിവായിരുന്നു. പല ദിവസങ്ങളിലും നാലുപേരും ചേർന്ന് ഭക്ഷണം പങ്കിടുകയും ചെയ്തു. ഇതിനിടെയാണ്, മൂന്ന് പെൺകുട്ടികളിൽ ഒരാളോട് യുവാവിന് പ്രണയം തോന്നിയത്. എന്നാൽ, പെൺകുട്ടി ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചു. ഇതോടെ പെൺകുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.