എടയന്നൂരിൽ വീട് കുത്തിത്തുറന്ന് 13 പവനും പണവും കവർന്നു
എടയന്നൂരിൽ വീട് കുത്തിത്തുറന്ന് 13 പവന്റെ സ്വർണ ആഭരണങ്ങളും 4000 രൂപയും കവർന്നു. എടയന്നൂർ- മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രം റോഡിലെ ഇ ശ്രീവിദ്യയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. കിടപ്പുമുറിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
ശ്രീവിദ്യയുടെ ഭർത്താവ് മനോജ് വിദേശത്തായതിനാൽ ഇവരും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും വീട് പൂട്ടി തറവാട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. വൈകീട്ട് തിരിച്ച് എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. മട്ടന്നൂർ ഇൻസ്പെക്ടർ എം കൃഷ്ണൻ, എസ്.ഐ കെ.വി ഉമേശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീടും പരിസരവും പരിശോധിച്ചു. സമീപത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മുൻപ് നെല്ലൂന്നി, ഉരുവച്ചാൽ എന്നിവിടങ്ങളിലും വീടുകളിൽ സമാന രീതിയിൽ കവർച്ച നടന്നിരുന്നു.