എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റ് ഉപരോധിച്ചു
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റ് ഉപരോധിച്ചു. 2017 ലെ സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്. കോവിഡ് കാലത്ത് ആളെ കൂട്ടിയുള്ള പ്രതിഷേധങ്ങള്‍ നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2017 ലെ സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും കാലങ്ങളായി നടപ്പാക്കാതായതോടെയാണ് പ്രതിഷേധം കടുപ്പിക്കാന്‍ ദുരിത ബാധിതര്‍ തീരുമാനിച്ചത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധിപേര്‍ കലക്ട്രേറ്റ് ഉപരോധത്തില്‍ പങ്കെടുത്തു.