എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് എഡിജിപി
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്ത ബാഗ് പ്രതിയുടേത് തന്നെയാണെന്ന് എഡിജിപി എം.ആർ. അജിത്കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഡയറിയിൽ ഉള്ളത് പ്രതിയുടെ കൈയ്യെഴുത്ത് തന്നെയെന്നും അജിത്കുമാർ പറഞ്ഞു.
യുഎപിഎ ചുമത്തുമോ എന്ന ചോദ്യത്തിന് പ്രതിയുടെ മൊഴിയെടുക്കുന്ന മുറയ്ക്ക് ചുമത്തേണ്ട വകുപ്പുകൾ തീരുമാനിക്കുമെന്ന് എഡിജിപി പ്രതികരിച്ചു.
ഇന്നലെ രാവിലെ പത്ത് മണിക്കാണ് കേസിൽ ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ചോദ്യം ചെയ്യൽ തുടരും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്നും അന്വേഷണ സംഘം മൊഴി നൽകി. ഷാരുഖിനെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചർച്ച നടക്കുന്നത്. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.