എല്ലാ ഗസ്റ്റ് ഹൗസുകളും വേഗത്തിൽ നവീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ എല്ലാ ഗസ്റ്റ് ഹൗസുകളുടെയും നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ താമസ സൗകര്യമില്ലാത്തത് പ്രധാന പ്രശ്നമായി സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ഗസ്റ്റ് ഹൗസുകളും മികച്ച രീതിയിൽ നവീകരിക്കും. നവീകരണത്തോടൊപ്പം പരിപാലനത്തിനും മികച്ച ശ്രദ്ധപുലർത്തും. പൊതുമരാമത്തിന് കീഴിലടക്കമുള്ള റസ്റ്റ്ഹൗസുകൾ ലഭിക്കാനുള്ള ഓൺലൈൻ ബുക്കിങ് സേവനങ്ങളിൽ കൂടുതൽ ഫീച്ചറുകൾ നൽകി മുന്നോട്ടുപോകും. കണ്ണൂരിന്റെ ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഗവ. ഗസ്റ്റ് ഹൗസിൽ രണ്ടു ഘട്ടമായി നടക്കുന്ന നവീകരണ പ്രവൃത്തിയിൽ 2.32 കോടിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം പ്രവൃത്തിയും പൂർത്തിയായി. കടലിന് അഭിമുഖമായ അഡീഷനൽ ബ്ലോക്കിന്റെ പുതുക്കിയ മുറികൾ, ലോബി, ലിഫ്റ്റ്, ജനറേറ്റർ, നവീകരിച്ച ഡൈനിങ് ഹാൾ, പ്രത്യേക പാർകിങ് ലോട്ട് എന്നിവയാണ് സജീകരിച്ചിരിക്കുന്നത്.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ടൂറിസം മേഖലാ ജോയിന്റ് ഡയരക്ടർ സി എൻ അനിത കുമാരി എന്നിവർ സംസാരിച്ചു.