എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി.

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി . വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. എകെജി സെന്ററില്‍ എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

രണ്ട് ഭാഗമായിട്ടാണ് പ്രകടനപത്രിക. 50 ഇന പരിപാടികളാണ് ആദ്യഭാഗത്തുള്ളത്. 900 നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് തൊഴില്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണന. 40 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്താന്‍ പദ്ധതി, റബറിന്റെ തറവില 250 രൂപയാക്കും.

പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും.തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, ബദല്‍ നയങ്ങള്‍ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും.

ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500രൂപയാക്കും, 5 വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപം കൊണ്ടുവരും തുടങ്ങിയവയും പ്രകടനപത്രികയില്‍ പറയുന്നു.

5 വര്‍ഷക്കാലം കേരളത്തിലെ ഇടതുമുന്നണി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണിയുടെ കരുത്ത്. സംസ്ഥാനത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നല്ല അംഗീകാരം കിട്ടിയ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യാതൊരു തരത്തിലുള്ള അപവാദപ്രചരണങ്ങളോ വര്‍ഗീയ കൂട്ടുകെട്ടോ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ കഴിയുന്ന പ്രകടനപത്രികയാണ് തയ്യാറാക്കിയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു