എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക ലഭിക്കാൻ അപേക്ഷ നൽകണം

എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള എൽ എസ് എസ്, യു എസ് എസ് പരീക്ഷയുടെ സ്കോളർഷിപ്പ് തുക ലഭിക്കാൻ വീണ്ടും അപേക്ഷ നൽകണമെന്ന അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ നാല് വർഷത്തെ സ്കോളർഷിപ് തുക ഇതുവരെ വിജയികൾക്ക് നൽകിയിട്ടില്ല. എട്ട് കോടിയോളം രൂപയാണ് ഇത്തരത്തിൽ നൽകാനുള്ളത്. സ്കോളർഷിപ്പ് നേടിയിട്ടും തുക അനുവദിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ. സ്കോളർഷിപ്പ് കുടിശിക ലഭിക്കാനുള്ള വിദ്യാർഥികൾ അത് ലഭിക്കാൻ ഇനി വിശദമായ അപേക്ഷ നൽകണമെന്നാണ് നിർദേശം. ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ പ്രധാന അദ്ധ്യാപകൻ വഴി ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ തുക അനുവദിക്കില്ല എന്നാണ് അറിയിപ്പ്.