എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒന്നാം ഘട്ടത്തിൽ 162 പരിപാടികൾ പൂർത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട നൂറു ദിന കർമപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.

ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിർമാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.

കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു