ഏദൻ വിമാനത്താവളത്തിലുണ്ടായ ബോംബ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി.

മനാമ : തെക്കന്‍ യെമന്‍ നഗരമായ ഏദനില്‍ വിമാനത്താവളത്തിലുണ്ടായ ബോംബ്ാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനതാവള ടെര്‍മിനല്‍ ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംഭവം.

സത്യപ്രതിജ്ഞക്കായി സൗദിയില്‍ നിന്നും പുതിയ മന്ത്രിസഭ അംഗങ്ങള്‍ വിമാനത്തില്‍ വന്ന് ഇറങ്ങിയ ഉടനെയായിരുന്നു ബോംബ് സഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് കാബിനറ്റ് അംഗങ്ങളെ നഗരത്തിലെ കനത്ത കോട്ടയുള്ള അല്‍ മാഷീക്ക് കൊട്ടാരത്തിലേക്ക് മാറ്റി. മഷീക്ക് കൊട്ടാരത്തിന് സമീപം മറ്റൊരു സ്‌ഫോടനം ഉണ്ടായതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ സ്‌ഫോടന സ്ഥലത്ത് നിന്ന് പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് കടുത്ത പുക പടലങ്ങള്‍ ഉയര്‍ന്നു. മോര്‍ട്ടാര്‍ ഷെല്ലിംഗോ മിസൈലുകളോ ആണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ നിരവധി സാധാരണക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്നു. ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചതായി അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി അറിയിച്ചു.