ഏറ്റുകുടുക്കയിൽ സിയാൽ സൗരോർജ പ്ലാൻറ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

വിവാദങ്ങൾ ഉയരുന്നതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നു എന്നുള്ളതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റിവെക്കാനോ, തൽക്കാലം അവിടെ ഇരിക്കട്ടെ എന്ന് വെക്കാനോ ഒന്നും സർക്കാർ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്-സിയാൽ പയ്യന്നൂർ ഏറ്റുകുടുക്കയിലെ 35 ഏക്കറിൽ സ്്ഥാപിച്ച 12 മെഗാവാട്ട് സൗരോർജ പ്ലാൻറ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൻകിട പദ്ധതികളോടൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി കൊണ്ടാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ജനങ്ങളാകെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് നാം കണ്ടതാണ്. ചില വികസന പ്രവർത്തനങ്ങൾ, നടപ്പാക്കും എന്ന് പറഞ്ഞാൽ നടപ്പാക്കും എന്നുതന്നെയാണർഥം. വികസന പ്രവർത്തനം ഇപ്പോൾ നടപ്പാക്കാൻ പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്-മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം വികസന പദ്ധതികൾ നമുക്ക് വേണ്ടിയുള്ളതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും ഭാവി തലമുറക്കും വേണ്ടിയുള്ളതാണ്. അവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരാകാൻ പാടില്ല. നമ്മുടെ സമൂഹത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വികസന പ്രവർത്തനങ്ങളാണ് നാം ഏറ്റെടുക്കുകയെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായി സൗരോർജ പദ്ധതിയും ചെറുകിട ജലവൈദ്യുത പദ്ധതിയുമൊക്കെ വലിയ തോതിൽ നാട്ടിൽ വരണം. സൗരോർജ പ്ലാൻറ് നമ്മുടെ നാടിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സംസ്ഥാന സർക്കാറിന്റെ വികസന കാഴ്ചപ്പാടിന് കൂടുതൽ കരുത്തേകാനാണ് സിയാലിന്റെ പരിസ്ഥിതി സൗഹൃദമായ സംരംഭത്തിലൂടെ കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ ഭൗമഘടനാനുസൃത സൗരോർജ പ്ലാന്റ് ആയതിനാൽ നിരപ്പാർന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിൽ അധികം പാനലുകൾ ഇവിടെ ഉൾക്കൊള്ളാൻ കഴിയുന്നു. ഇവിടെനിന്ന് പ്രതിദിനം 48,000 യൂനിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വർധിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിൾ വഴി കാങ്കോൽ 110 കെ വി സബ്‌സ്‌റ്റേഷനിലേക്കാണ് നൽകുന്നത്. അധിക വൈദ്യുതി കെഎസ്ഇബിയുടെ പവർ ഗ്രിഡിലേക്ക് നൽകി ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുന്ന പവർ ബാങ്കിങ് സമ്പ്രദായമാണ് സിയാൽ നടപ്പിലാക്കുന്നത്.
സോളാർ പാനലുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം പദ്ധതികൾ കാർബൺ പാദമുദ്ര കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു. 50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദന പ്രക്രിയക്ക്, പ്രതിവർഷം 28000 മെട്രിക് ടൺ കാർബൺഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ സാധിക്കും. ഒരുകോടി ലിറ്റർ ഫോസിൽ ഇന്ധനങ്ങൾ കരിച്ചുകളയാതിരിക്കുന്നതിനും 7000 കാറുകൾ ഒരു വർഷം നിരത്തിൽ ഉപയോഗിക്കാതിരിക്കുന്നതിനും തുല്യമാണിത്. കൂടാതെ 46 ലക്ഷം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് 10 വർഷം കൊണ്ട് ലഭ്യമാക്കപ്പെടുന്ന വായുവിന് തുല്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവള നടത്തിപ്പ് കമ്പനി ഹരിത ഊർജ ഉത്പാദകരാവുകയെന്ന അപൂർവ്വതയാണ് സിയാൽ സാധ്യമാക്കിയത്.
ഏറ്റുകുടുക്ക കിണർമുക്കിലെ പ്ലാൻറ് പരിസരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, എം എൽ എ മാരായ ടി ഐ മധുസൂദനൻ, എം രാജഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വൽസല, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം വി സുനിൽകുമാർ, ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി വൽസലൻ, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തംഗം ബിന്ദുമോൾ, മുൻ എംപി കെ കെ രാഗേഷ് എന്നിവർ സംബന്ധിച്ചു. സിയാൽ എം ഡി എസ് സുഹാസ് സ്വാഗതവും സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി ജോസ് തോമസ് നന്ദിയും പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച ടാറ്റ പവർ പ്രതിനിധികൾക്കുള്ള ഉപഹാരം ടി ഐ മധുസൂദനൻ എം എൽ എ നൽകി.