ഐഎംജിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കുള്ള പരിശീലനം ഇന്ന് തുടങ്ങും

തിരുവനന്തപുരം:ഐഎംജിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനാണുള്ളത്.ഭരണസംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനാണ് ആദ്യദിനം.

മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ ഭരണസംവിധാനത്തെക്കുറിച്ച്‌ വിശദീകരിക്കും. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച്‌ ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. ടീമിനെ നയിക്കുന്നത് സംബന്ധിച്ച്‌ ഐഐഎം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി സംസാരിക്കും.

ചൊവ്വാഴ്ച നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍, ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍, ബുധനാഴ്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ്, സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധന്‍, വിജേഷ് റാം എന്നിവരും പങ്കെടുക്കും