ഐഎഫ്എഫ്കെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം
പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാട് ഇന്ന് തുടക്കമാകുന്നത്. ഫെബ്രുവരി അഞ്ചിന് മേള സമാപിക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന മേളയിൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പാസ് വിതരണം ചെയ്യൂവെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് നേരത്തെ അറിയിച്ചിരുന്നു
ആദ്യമായാണ് പാലക്കാട്ട് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. നഗരത്തിലെ 5 തിയേറ്ററുകളിലായി 80 സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ബോസ്നിയന്‍ ഹത്യയുടെ നേർക്കാഴ്ച പറയുന്ന ജാസ്മില സബാനിക് സംവിധാനം ചെയ്ത ‘ക്വോ വാഡിസ് ഐഡ‘ ആണ് ഉൽഘാടന ദിനത്തില്‍ ആദ്യം പ്രദർശിപ്പിക്കുക.
ഉൽഘാടന ചടങ്ങിന് ശേഷമാണ് പ്രിയ തിയേറ്ററില്‍ പ്രദര്‍ശനം. മൽസര വിഭാഗത്തില്‍ മാറ്റുരക്കുന്ന 14 ചിത്രങ്ങളില്‍ രണ്ട് മലയാള പ്രാതിനിധ്യമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി‘ തന്നെയാണ് ഏവരും കാത്തിരിക്കുന്ന ചിത്രം.
മാര്‍ച്ച് അഞ്ചിന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ സുവര്‍ണ ചകോരം ഉള്‍പ്പടെയുളള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ സിനിമാ മേഖലയില്‍ നിന്നുളളവരെ മാത്രം ഉള്‍ക്കൊളളിച്ചാവും സമാപന ചടങ്ങുകള്‍ നടക്കുക.