ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയര് വിന്യാസം; സേവനങ്ങള്‍ തടസ്സപ്പെടും
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) സോഫ്റ്റ്വെയര് വിന്യസിക്കുന്നതിന്റെയും സോഫ്റ്റ്വെയര് അപ്ഡേഷന്റെയും ഭാഗമായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഓണ്‍ലൈനായും ഫ്രണ്ട് ഓഫീസ് വഴിയുമുള്ള സേവനങ്ങള്‍ മുടങ്ങും. ജനന, മരണ, വിവാഹ രജിസ്ട്രേഷന്, തിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതിനാല്‍ ഏപ്രില്‍ മൂന്ന് വരെ ഈ സേവനങ്ങളും ലഭ്യമാവുകയില്ല. ഈ ദിവസങ്ങളില്‍ അപേക്ഷകരായ പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിനു മുന്നിലായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ബോക്സുകളില്‍ നിക്ഷേപിക്കാം. അത്തരം അപേക്ഷകളുടെ കൈപ്പറ്റ് രശീതുകള്‍ സോഫ്റ്റ്വെയര് വിന്യാസം പൂര്‍ത്തിയാകുന്ന മുറക്ക് ഫോണ്‍ വഴി അപേക്ഷകരെ അറിയിക്കും. ഏപ്രില്‍ നാല് മുതല്‍ സേവനങ്ങള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനാണ് ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയര് വിന്യസിക്കുന്നത്. നിലവില്‍ ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ വിജയകരമായി നടത്തിവരുന്നുണ്ട്.