ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതർക്കു തുല്യമായി കാണണം- ഹൈക്കോടതി

കൊച്ചി:വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവർക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനൽകി. എന്നാൽ, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനൽകിയ മാതാപിതാക്കൾ നൽകിയ അപേക്ഷയിൽ കുഞ്ഞിനെ അവർക്കു തിരികെനൽകാൻ കോടതി നിർദേശിച്ചു.

ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.