ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും.

തിരുവനന്തപുരം: ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്ന സംവിധാനം നാളെമുതല്‍(ചൊവ്വാഴ്ച) നിലവില്‍ വരും. പരീക്ഷണാടിസ്ഥാനിലാണ് ചൊവ്വാഴ്ച മുതൽ നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം,എറണാകുളം കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. 

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ വലിയ തിരക്കിന് എതിരെ ഹൈക്കോടതി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. 

ബെവ്‌കോ വെബ്‌സൈറ്റില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്. വെബ് സൈറ്റില്‍ ഓരോ വില്‍പ്പനശാലകളിലേയും സ്‌റ്റോക്ക്, വില എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും, വെബ്‌സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം.

മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്‌ക്കോ ഔട്‌ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം.