ഓപ്പറേഷന്‍ P-Hunt – കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 23 സ്ഥലങ്ങളില്‍ റെയിഡ്


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷന്‍ പരിധികളിലെ 23 ഇടങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി റെയിഡു നടത്തി. കേരളത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി ഇന്ന് കാലത്ത് മുതല്‍ നടത്തിയ P-Hunt റെയിഡില്‍ നിരവധി പേരാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റ് വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൌണ്‍ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി രാജ്യാന്തര കുറ്റാന്വേഷണ വിഭാഗമായ ഇന്‍റര്‍പോളുമായി കേരളാ പോലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ഇത്തരത്തില്‍ പരിശോധന നടത്തിവരുന്നത്. കണ്ണൂര്‍ സിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം ഒരു കേസ്സ് രജിസ്റ്റർ ചെയ്തു. കമറുദ്ദീന്‍ കെ, വ: 21/22, അത്തായക്കുന്ന്, കൊറ്റാളി ആണ് കണ്ണൂര്‍ ടൌണ്‍ പോലീസിന്‍റെ പിടിയില്‍ ആയത്. പ്രതിയില്‍ നിന്നും അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൌണ്‍ ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണും പോലീസ് പിടികൂടി. പിടികൂടിയ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറെന്‍സിക് വകുപ്പിന് അയച്ചുകൊടുക്കും. സൈബര്‍ പോലീസ് സ്റ്റേഷന്‍റെയും സെല്ലിന്‍റെയും നേതൃത്വത്തില്‍ ആണ് കണ്ണൂര്‍ സിറ്റി പോലീസ് റെയിഡ് നടത്തിയത്. അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പോലീസ് ഇന്‍റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്ന വ്യക്തികളെ നീണ്ട കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്‍റര്‍പോള്‍ വിവരങ്ങള്‍ കേരള പോലീസ്സിന് കൈമാറുന്നതും ശേഷം പ്രതികളെ പിടികൂടുന്നതും.