ഓമിക്രോണ്‍ വ്യാപനം – പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. കരുതലോടെ കണ്ണൂര്‍ സിറ്റി പോലീസ്.
കണ്ണൂര്‍: പുതുവത്സര ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസിനെ സജ്ജമാക്കി. സംസ്ഥാനത്ത് ഓമിക്രോണ്‍ വ്യാപനത്തിന്‍റെ തോത് കൂടിയ സാഹചര്യത്തിലാണ് പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 30-12-2021 മുതല്‍ 02-01-2022 വരെ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 05 മണി വരെയാണ് നിയന്ത്രണങ്ങള്‍. പൊതു സ്ഥലങ്ങളിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേഷന്‍ SHO മാര്‍ക്ക് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS നിര്‍ദ്ദേശങ്ങള്‍ നല്കി. ക്രമസമാധാന പാലനത്തിനായി സിറ്റി പരിധിയിലെ ലോ ആന്ഡ് ഓര്‍ഡര്‍ പ്രശ്നങ്ങള്‍ കൂടുതലയി കണ്ടുവരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തും. സിറ്റി പോലീസ് പരിധിയില്‍ പിടിച്ചുപറി (Snatching) കൂടുതല്‍ ഉള്ള 22 പോയിന്റുകള്‍, സാമൂഹ്യ വിരുദ്ധ ശല്യം (Anti Social) കൂടുതല്‍ ഉള്ള 20 പോയിന്റുകള്‍, ലഹരി (NDPS) ഉപയോഗം കൂടുതല്‍ കണ്ടുവരുന്ന 24 പോയിന്റുകള്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ കൂടുതലയി കണ്ടുവരുന്ന 27 പോയിന്റുകള്‍ വാഹന അപകടം കൂടുതലയി ഉള്ള 24 പോയിന്റുകള്‍ എന്നിവിടങ്ങളില്‍ പോലീസ് പിക്കറ്റുകള്‍ഏര്‍പ്പെടുത്തും. സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ പുതുവത്സര ദിന ഡ്യൂട്ടിക്കായി കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. പൊതു സ്ഥലങ്ങളിലെ പരസ്യമദ്യപാനം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലെ കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ക്കു അനുമതി നല്‍കില്ല. രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കില്ല. അനുമതിയില്ലാതെ നടത്തുന്ന പരിപാടികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. രാത്രി കാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റ്കള്‍ തട്ടുകടകള്‍ എന്നിവക്കു പുതുവത്സര ദിനങ്ങളില്‍ രാത്രി 10 മണിക്ക് ശേഷം ആളുകള്‍ക്ക് പ്രവേശനം നല്‍കരുത്. ബീച്ചുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൃസ്തുമസ്സ് പുതുവത്സര ദിനങ്ങളിലെ ലോ ആന്ഡ് ഓര്‍ഡര്‍ ഡ്യൂട്ടിക്കായി കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 230 പോലീസ് ഓഫീസര്‍മാരെയും, തലശ്ശേരി സബ്ബ് ഡിവിഷന്‍ പരിധിയില്‍ 148 പോലീസ് ഓഫീസര്‍മാരെയും, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 105 പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. പുതുവത്സര ആഘോഷങ്ങള്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിച്ച് കൊണ്ട് നടത്തണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.