കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാൻ 1000 കോടി

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. കൊല്ലത്ത് 5ലക്ഷം ചതുരശ്ര അടിയിലാണ് ഐടി പാര്‍ക്ക് വരുക. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

ഐടി ഇടനാഴി വിപുലീകരിക്കും. എന്‍എച്ച്‌ 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. രാജ്യാന്തര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ കൂടി സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി രൂപ നീക്കിവെച്ചു. 14 ജില്ലകളിലും തൊഴില്‍ സംരഭക സെന്ററുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.