കണ്ണൂരില്‍ നഗരസഞ്ചയ പദ്ധതിക്കു 189 കോടി

ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള നഗരസഞ്ചയ പഞ്ചവത്സരപദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്കു മാത്രമാണ് പദ്ധതി വിഹിതത്തിനു അര്‍ഹതയുള്ളത്. അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിക്കായി ജില്ലയില്‍ 189കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂര്‍ നഗരസഞ്ചയത്തില്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍, പാനൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിങ്ങനെ ആറു നഗരസഭകളും 42 ഗ്രാമ പഞ്ചായത്തുകളുമാണ് ഉള്‍പ്പെടുന്നത്. 2021-22വര്‍ഷത്തില്‍ 35കോടി രൂപ, 22-23ല്‍ 36കോടി രൂപ, 23-24ല്‍ 38കോടി രൂപ, 24-25ല്‍ 39കോടി രൂപ, 25-26ല്‍ 41കോടി രൂപ എന്നിങ്ങനെയാണ് മൊത്തം 189കോടി രൂപ അനുവദിച്ചത്. മാലിന്യം വലിച്ചെറിയല്‍, പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന വിധമുള്ള മാലിന്യം നിക്ഷേപം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. 2022-23 മുതല്‍ വിഹിതം ലഭിക്കുന്നതിനായി പദ്ധതിക്കു കീഴിലെ തദ്ദേശസ്ഥാപനങ്ങള്‍ ബാങ്ക് അക്കൗണ്ട് പി.എഫ്.എം.എസുമായി ബന്ധിപ്പിക്കണം. ഒരേക്കറില്‍ കൂടുതല്‍ വിസ്തൃതിയിലുള്ള മൂന്നു ജലാശയങ്ങളുടെ പുനരുജ്ജീവനം, മലിനജലത്തിന്റെ പുനരുപയോഗം, കുടിവെള്ള വിതരണമില്ലാത്ത പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കല്‍ എന്നിവയാണ് പ്രധാനപദ്ധതികള്‍. പൈപ്പിലൂടെയുള്ള കുടിവെള്ള ശുചിത്വം നടപ്പാക്കിയ കുടുംബം, പ്രതിദിനം ലഭ്യമാക്കുന്ന ആളോഹരി ജലം, ഉപഭോക്തക്കളില്‍ എത്താതെ പോകുന്ന കുടിവെള്ളത്തിന്റെ അളവ് കുറയ്ക്കല്‍, സീവേജ്, സെക്ടേജ് സേവനങ്ങള്‍ ലഭ്യമാക്കിയ കുടംബങ്ങള്‍, മാലിന്യരഹിത നഗരം-സ്റ്റാര്‍ റേറ്റിങ് പദ്ധതി, കക്കൂസ് മാലിന്യ സംസ്‌കരണ സംവിധാനം ഉള്‍പ്പെടെയുള്ള ശുചിത്വ സൗകര്യങ്ങള്‍ എന്നീ ആറുമാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്‌കോര്‍ നിശ്ചിയിക്കുന്നത്. പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കുന്നതിനു ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അധ്യക്ഷനും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ പ്ലാനിങ് ഓഫീസര്‍ കണ്‍വീനറുമായി സബ് കമ്മിറ്റിയും കോര്‍പറേഷന്‍ മേയര്‍ ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി ജോയിന്റ് പ്ലാനിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.